About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Saturday, March 10, 2012

നിരീക്ഷകന്‍ സാക്ഷി...അനുഭവങ്ങള്‍ മനുഷ്യനെ ശോധന ചെയ്യുന്നു എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല എന്നാണ് എന്‍റെ വാദം. എല്ലാവര്ക്കും നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ നിരവധിയാണ്. അങ്ങനെ ഇല്ല എന്ന് പറയുന്നവര്‍ എന്നോട് ദയവായി ക്ഷമിക്കുക നിങ്ങള്‍ക്ക് എന്തോ സാരമായ തകരാറുണ്ട് എന്നതാണ് സത്യം....!!
പോകട്ടെ നല്ലതും ചീത്തയും ഒക്കെ വിടാം. ഈ കൊച്ചു ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങള്‍., സ്വന്തവും അല്ലാത്തതും എല്ലാം. സ്വന്തം അനുഭവങ്ങള്‍ ഒരുപക്ഷെ നമുക്ക് തരുന്ന അറിവ് അത് എന്നും ജീവിത്തില്‍ ഉണ്ടാവും ഉറപ്പ്. എന്നാല്‍, എന്‍റെ വാദം അതില്‍ നിന്നും അല്‍പ്പം മാറി ആണ്. 

നല്ലതുപോലെ നിരീക്ഷിക്കാന്‍ കഴിവുള്ളവര്‍ ഇപ്പോഴും മറ്റുള്ളവരില്‍ അല്ലെങ്കില്‍ മറ്റുള്ള സംഗതികളില്‍ എപ്പോഴും ഒരു കണ്ണ് വൈക്കാറുണ്ട്. ചിലപ്പോഴൊക്കെ അത് നല്ലതിനും ചിലപ്പോള്‍ നമുക്ക് അത് കോടാലി  ആയി തീരുമുണ്ട്. കൂടുതലും രണ്ടാമത് പറഞ്ഞതിനാണ് സാധ്യത. 

ഞാന്‍ എന്‍റെ ഒരു വിനോദം ഓര്‍ക്കുന്നു. ഒരു പക്ഷെ മറ്റാരും ഇത്തരത്തില്‍ ഒരു വിനോദം പരീക്ഷിച്ചിട്ടുണ്ടാവില്ല ഉറപ്പ്. മൊത്തം പറഞ്ഞു കഴിയുമ്പോള്‍ എന്നെ ഒരു മാനസീക രോഗി ആയി ആരും കാണരുതേ ( അപേക്ഷ ). 

ഞാന്‍ സ്ഥിരമായി സഞ്ചരിക്കുന്ന ഒരു വഴി ഉണ്ട്. ...വഴി എന്ന് പറഞ്ഞാല്‍ ഒരു റൂട്ട്. ദിവസവും ആ വഴി വെറുതേ  വണ്ടി ഓടിച്ചു മടങ്ങും. പിന്നീടു ചിലപ്പോള്‍ സ്വന്തം വണ്ടി ഉപേക്ഷിച്ചു പത്തു പതിനഞ്ചു കിലോമീറ്റര്‍ അകലെ ഉള്ള ഒരു സ്ഥലം ഉണ്ട്( പേര് പറയുന്നില്ല) അവിടേക്ക് നമ്മുടെ സര്‍ക്കാര്‍ വക ഓര്‍ഡിനറി ബസില്‍ കയറി പോകും. അവിടെ എനിക്ക് പരിചയമുള്ള ആരും തന്നെയില്ല. ആരെയും കാണാനും അല്ല. പക്ഷെ ചുമ്മാതെ ഒരു കറക്കം. അവിടെ ബസ്‌ ഇറങ്ങി നടക്കും, തിരക്കുള്ള തെരുവീധികള്‍, ആര്‍ക്കോ വേണ്ടി ഓടി മറയുന്ന ജനങ്ങള്‍, കൊച്ചു കുട്ടികള്‍, പ്രായമായവര്‍, ഇതിന്‍റെ എല്ലാം ഇടയില്‍ ഒന്ന് രണ്ടു പശുക്കള്‍, പട്ടണത്തിലെ പശുക്കള്‍ അല്ലേ കടലാസ്സു മാത്രം തിന്നു ജീവിക്കുന്നവ. 
ചുരുക്കത്തില്‍ പറഞ്ഞാല്‍, കറങ്ങി തിരിച്ചു ഏതെങ്കിലും ഒരു ചായ കടയില്‍ കയറി കടുപ്പത്തില്‍ ഒരു ചായ, അപ്പോഴേക്കും ഏതാണ്ട് ഒരു മണിക്കൂറില്‍ കൂടുതല്‍ ആയിട്ടുണ്ടാവും. വീണ്ടും തിരികെ പൂര്‍വ സ്ഥാനം. എന്‍റെ മയില്‍ വാഹനം അനാഥമായി അവിടെ നില്‍പ്പുണ്ടാവും, അതില്‍ വീണ്ടും വീട്ടില്‍. ഒരു ദിവസത്തിന്റെ ഒരു വൈകുന്നേരം പൊയ്കിട്ടി. സമാധാനം.

ഈ പരിപാടി സ്ഥിരം ആയപ്പോള്‍ ദിനവും കാണുന്നതില്‍ നിന്നും എന്തെങ്കിലും വ്യത്യസ്തമായി കാണുവാന്‍ ശ്രമം തുടങ്ങി. അങ്ങനെ ആണ് ഞാന്‍ ആദ്യം പറഞ്ഞില്ലേ ആ നിരീക്ഷണം അത് ആദ്യമായ് പരീക്ഷിക്കുന്നത്.

ഇനി കാര്യത്തിലേക്ക് കടക്കാം. എന്‍റെ സ്ഥിരം ചായക്കട. അവിടെ അടുത്ത് തന്നെയാണ് ബസ്‌ സ്റ്റാന്റ്. നേരം ഒരു നാലുമണി അല്ലങ്കില്‍ അഞ്ചു മണിക്ക് ആണ് എന്‍റെ ഈ കറക്കം ( സമയം പോലെ ). എന്നെ പോലെ ആരെങ്കിലും ഉണ്ടോ എന്നായിരുന്നു ആദ്യത്തെ നിരീക്ഷണം. ആദ്യമൊന്നും ഒരു പട്ടി കുഞ്ഞിനെ പോലും കണ്ടെത്താനായില്ല. കുറച്ചു കൂടി നല്ലവണ്ണം നോക്കിയപ്പോള്‍ എന്നെ പോലെ തന്നെ പണി ഇല്ലാത്ത ഒരുത്തന്‍ , ഒരു പയ്യന്‍ ബസ്‌ സ്റ്റാന്‍ഡില്‍ കറങ്ങി നടക്കുന്നു. 

ഞാന്‍ ആലോചിച്ചു എന്താവും അവന്‍റെ കുഴപ്പം??? ഒരു പക്ഷെ അവനും എന്നെപോലെ നിരീക്ഷിക്കുവാണോ വല്ലവനെയും ???  അല്ല. അവന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ ഇരുന്നു, അവന്‍ മടങ്ങി പോയി... 

അടുത്ത ദിവസം ഞാന്‍ അതേ സമയം നോക്കി എത്തി. അപ്പോഴും അവന്‍ അവിടെ ഉണ്ട്. സമയം ഏതാണ്ട് അതുപോലെ തന്നെ അവന്‍ വിടവാങ്ങി. നാളെയും അവനെ കണ്ടാല്‍ ഉറപ്പായും ചോദിക്കണം ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. 

അവന്‍റെ ഭാഗ്യം പിറ്റേന്ന് അവന്‍ കണ്ടില്ല. ഞാന്‍ മനസ്സില്‍ ചോദിച്ചു ഉറപ്പിച്ച ചോദ്യ ശരങ്ങള്‍ എന്‍റെ കൈവശം ബാക്കി. മാപ്പ്. നിന്നെ തെറ്റി ധരിച്ചു മകനേ.. !!

എന്നിട്ടും ഞാന്‍ വിട്ടില്ല, അടുത്ത ദിവസം അവനെ തപ്പി ഇറങ്ങി. ഇക്കുറി അവന്‍ അവിടെ തന്നെ ഉണ്ട്. എന്നെ കണ്ടപ്പോള്‍ അവന്‍ ഒന്ന് എഴുന്നേറ്റു. ഞാന്‍ മെല്ലെ അങ്ങോട്ട്‌ നീങ്ങി. അവന്‍ ചിരിക്കുന്നു. അപ്പോഴാണ് എനിക്ക് പറ്റിയ മണ്ടത്തരം ഞാന്‍ മനസ്സിലാക്കുന്നത്‌.. എന്‍റെ പിന്നില്‍ ഒരു പെണ്‍കുട്ടി. അവന്‍ ആര്‍ക്കു വേണ്ടി നോക്കി ഇരുന്നു എന്ന് അപ്പോള്‍ പിടി കിട്ടി. അവന്‍ ചിരിച്ചതും അവളെ നോക്കി. ഒന്നുമില്ലങ്കിലും അവനെ മൂന്നു ദിവസം നിരീക്ഷിച്ച ഒരാള്‍ എന്ന നിലക്ക് ഒന്ന് ചിരിക്കുകെങ്കിലും ആവാമായിരുന്നു അവനു. പോട്ടെ. സാരമില്ല ഞാന്‍ സ്വയം സമാധാനിച്ചു. 

പിന്നീട് എന്‍റെ നിരീക്ഷണ പരീക്ഷണങ്ങള്‍ അവരെ ചുറ്റി പറ്റിയായി. മറ്റുള്ളവന്റെ കാര്യത്തില്‍ ഇടപെടുവാന്‍ നമ്മള്‍ മലയാളി കാണിക്കുന്ന വ്യഗ്രത ( സ്വഭാവ ഗുണം) ഒന്ന് വേറേ തന്നെയാണ് എന്ന് എനിക്ക് തന്നെ തോന്നീട്ടുണ്ട് പലപ്പോഴും. 

വീണ്ടും അടുത്ത പ്രഭാതം, നേരം സന്ധ്യയവാന്‍ ഞാന്‍ നോക്കി നോക്കി ഇരുന്നു. പതിവ് സ്ഥലം പതിവ് കാഴ്ചകള്‍........, ആ പയ്യന്‍ അവിടെ തന്നെ ഉണ്ട്.  ഞാന്‍ അല്പം മാറി എന്‍റെ നിരീക്ഷണ പ്രക്രീയ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ വന്നു. നീളമുള്ള പട്ടു പാവടയൊക്കെ അണിഞ്ഞു, അവളെ കണ്ടപ്പോള്‍ കുറച്ചു കൂടി സുന്ദരിയായ പോലെ തോന്നി. വന്നയുടനെ രണ്ടാളും എങ്ങോട്ടോ മറഞ്ഞു. ഞാന്‍ അവരെ പിന്തുടര്‍ന്ന് പിന്തുടര്‍ന്ന് പ്രതീക്ഷിച്ച പോലെ മുന്സിപല്‍ പാര്‍ക്ക്‌ വരെ എത്തി. അവരെ പോലെ തന്നെ ഒരുപാടൊരുപാട് കക്ഷികള്‍ തൊട്ടും തലോടിയും മരം ചുറ്റിയും പാട്ടുപാടിയും പ്രേമിക്കുന്നു. സത്യത്തില്‍ അവരോടു അസൂയ തോന്നിയില്ല  എന്ന് പറഞ്ഞാല്‍ കള്ളമായിപോകും. 

ഇരുവരും മിണ്ടാതെ ഇരിക്കുന്നു. ഒന്നും സംസാരിക്കുന്നതായി കണ്ടതുമില്ല. അതാണ് എന്നില്‍ കൂടുതല്‍ കൌതുകം ഉണര്‍ത്തിയ വസ്തുത. 

നേരം ഇരുട്ടി, രണ്ടാളും മടങ്ങി. 

അടുത്ത ദിവസം,സുപ്രഭാതം. ഇന്നലെത്തെ ആ കാഴ്ച സത്യത്തില്‍ മനസ്സില്‍ നിന്ന് മായുന്നില്ല. എന്താവും അവര്‍ ചിന്തിച്ചത് ?? അല്ലങ്കില്‍ എന്താവും അവരുടെ പ്രശ്നം. ചിന്താഭാരം. .... 

അന്ന് പതിവ് പോലെ പോവാന്‍ ഒരുങ്ങിയപ്പോള്‍ തടസ്സങ്ങള്‍..,, വിഷമത്തോടെ എന്‍റെ ഒരു ദിവസത്തെ നിരീക്ഷണത്തിന് വിട നല്‍കി. 

അടുത്ത ദിവസം. ഞാന്‍ പതിവിലും നേരത്തെ തന്നെ അവിടെ ചെന്ന് ഇരിപ്പായി. നേരം ഒരുപാട് കഴിഞ്ഞു.. അവള്‍ വന്നില്ല, അവന്‍ മടങ്ങിപോയി. അവന്‍റെ ഭാവം കണ്ടാല്‍ തന്നെ അറിയാം എന്തോ കുഴപ്പുമുണ്ട് എന്ന്. 
ഞാന്‍ അവനെ പിന്തുടര്‍ന്ന്. എന്‍റെ ചായക്കടയില്‍ ( സ്ഥിരം പോകാറുള്ള) ഒരു ബെഞ്ചില്‍ അവന്‍ ഇരിപ്പുണ്ട്. 
ഇതാണ് പറ്റിയ അവസരം.. ഞാന്‍ പതുക്കെ അവനോടു അടുത്ത് ചെന്ന്, അരികില്‍ ഇരുന്നു. 
എന്താ ഇന്നവള്‍ വന്നില്ലേ .....??? 

ഞെട്ടി തെറിച്ച പോലെ അവന്‍ എന്നേ നോക്കി.. ഇതൊക്കെ തനിക്കു എങ്ങനെ അറിയാം എന്നുള്ള ചോദ്യം ആ നോട്ടത്തില്‍ തന്നെ സ്പഷ്ടമായിരുന്നു.. 

ഇല്ല. വന്നില്ല. ... 

എന്ത് പറ്റി ?? എന്‍റെ ചോദ്യം വീണ്ടും. 
അവള്‍ നഴ്സിംഗ് പഠിക്കുവാന്‍ പൊയ്. ദൂരെ, വിശാഖ പട്ടണം. 

കഷ്ടമായി പോയി. അവന്‍റെ ആ ഇരിപ്പ് ഇന്നും എന്‍റെ മനസ്സിലുണ്ട്. 
അല്ല ഭായി, നിങ്ങള്‍ക്ക് എനെ അറിയാമോ?? 

ഞാന്‍ ഉള്ളില്‍ ചിരിച്ചു. ഇല്ല അറിയില്ല, 
പിന്നെ എങ്ങനെ ഞങ്ങളെ പറ്റി ....??? 

 കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി ഞാന്‍ നിങ്ങളെ കാണുന്നു. സത്യത്തില്‍ ഞാന്‍ നിങ്ങളുടെ പ്രണയം ആസ്വദിക്കുകയായിരുന്നു...എന്‍റെ മറുപടി വളരെ പെട്ടന്നായിരുന്നു.

എന്‍റെ മറുപടി അവനു ഇഷ്ടമായി എന്ന് തോന്നുന്നു. ഞങ്ങള്‍ രണ്ടാളും ആ ബെഞ്ചില്‍ കുറേ നേരം ഇരുന്നു. ചോദിക്കുവാന്‍ ഒരുപാടുണ്ടായിരുന്നു. പറയുവാന്‍ അവനും. ചോദിച്ചില്ല, അവന്‍ പറഞ്ഞതുമില്ല. പണ്ടു വായിച്ച നോവലിലെ വരികള്‍ ഓര്‍ക്കുന്നു. "" അനുഭവത്തില്‍ നിന്നറിയണം, ചിലപ്പോള്‍ ചിലരുടെ മൌനം അവരുടെ അലറ്ച്ചയെക്കള്‍ ഭയാനകമാണ്."" എത്ര സൂഷ്മമായ വരികള്‍ ( നന്ദി ശ്രീ പെരുമ്പടവം ശ്രീധരന്‍ സാര്‍)). )

അകെ മെനക്കേടായി. നിരീക്ഷണം. മണ്ണാങ്കട്ട. ആരും സഞ്ചരിക്കാത്ത പാതയില്‍ സഞ്ചരിച്ചു ഒടുവില്‍ ആപ്പ് ആയപോലെ ആയി. പിറ്റേന്ന് ആരും വരില്ല എന്ന് ഉറപ്പായിട്ടും ഞാന്‍ അവിടെ പോയി, പക്ഷെ എന്‍റെ പ്രതീക്ഷ തെറ്റായിരുന്നു. കാമുകന്‍ അവിടെ തന്നെയുണ്ട്‌. എന്നേ കണ്ടപ്പോള്‍ ചിരിച്ചു. 
ഞങ്ങള്‍ ഒന്നിച്ചു നടന്നു. ഞാന്‍ അവനോടു കാര്യങ്ങള്‍ അരഞ്ഞു. അവന്‍ വാചാലനായി. പണ്ടുതൊട്ടേ ഉള്ള കഥകള്‍, അവരുടെ പ്രണയത്തിന്റെ മുഖങ്ങള്‍ അവന്‍ എനിക്ക് വേണ്ടി തുറന്നിട്ടു. ഇതൊക്കെ ആരോടെങ്കിലും പറയണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച പോലെ ആയിരുന്നു അവന്‍റെ വാചകങ്ങള്‍. ..
ഞാന്‍ എനിക്കറിയാവുന്ന രീതിയില്‍ സമാധാനിപ്പിച്ചു. തുടര്‍ന്ന് മുന്നോട്ടു തന്നെ പോകുവാന്‍ പ്രേരിപ്പിച്ചു.. മടങ്ങി. പിന്നീട് എപ്പോഴുമില്ല എങ്കിലും ഇടയ്ക്കു ഞങ്ങള്‍ കണ്ടു മുട്ടി. എന്നോടൊപ്പം വീട്ടില്‍ വരുവാന്‍ ഞാന്‍ നിര്‍ബന്ധിച്ചു.ആദ്യമൊക്കെ മടിച്ചു എങ്കിലും  അവന്‍ ഒന്ന് രണ്ടു തവണ വരികയും ചെയ്തു. 
പിന്നീട് അവനും ഉപരി പഠനം ലാക്കകി യാത്രയായി. കുറേക്കാലം എന്നോട് എപ്പഴും ഫോണില്‍ ബന്ധപ്പെടുമായിരുന്നു അവന്‍. 
ഇടക്കലതെപ്പോഴോ  അത് അറ്റ് പോയി. പിന്നീടു ഞാന്‍ തന്നെ എന്‍റെ നിരീക്ഷണ പരീക്ഷണങ്ങള്‍ നിര്‍ത്തി. ( നന്നായി) 

ഇടക്കൊക്കെ ഇമ്മാതിരി വട്ട് നല്ലതാണെന്ന് തോന്നീട്ടുണ്ട് പലപ്പോഴും. 

കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഒരാള്‍ എന്നേ കാണാന്‍ വീട്ടില്‍ വന്നു. ഞാന്‍ പ്രവാസിയായി കഴിഞ്ഞിരുന്നു അപ്പോള്‍.....,, വന്നത് വേറേ ആരുമല്ല, അവന്‍ തന്നെ. കല്യാണമാണ്. ക്ഷണകത്ത്‌ വീട്ടില്‍ ഏല്‍പ്പിച്ചു അവന്‍ മടങ്ങി. രണ്ടു ദിവസം കഴിഞ്ഞു എനിക്ക് ഒരു ഫോണ്‍ കാള്‍ വന്നു. ഞങ്ങള്‍ സംസാരിച്ചു. ഒരു പാടൊരുപാട്. 

കല്യാണക്കാര്യം ചോദിച്ചപ്പോള്‍ അവന്‍ പെട്ടന്ന് നിര്‍ത്തി. ഒരു ഇടവേള..മൌനം. 
 
""അത് കല്യാണമാണ്. പക്ഷെ .......പണ്ടത്തെ ആ കുട്ടി അല്ല. അവള്‍ ഇപ്പോഴേ കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ആയി""".
 വീണ്ടും ചോദിച്ചു. വിശദമായി സംസാരിച്ചു. 
പതിവ് കാര്യങ്ങള്‍. തന്നെ കാരണം അവള്‍ പഠിക്കുവാന്‍ പോയി, പഠനം എന്താണ്ട് പൂര്‍ത്തിയായപ്പോള്‍ വീട്ടില്‍ നിര്‍ബന്ധം. നിവൃത്തിയില്ലാതെ മുറചെറുക്കനെ കെട്ടേണ്ടി വന്നു പോലും. ഞാനോര്‍ത്തു. പ്രേമിച്ചു നടന്നപ്പോള്‍ ഇങ്ങനെ ഒന്നും ഓര്‍ത്തില്ലേ ഇവര്‍?? 


എന്തൊരു വിരോധാഭാസം. ഞാന്‍ ആലോചിച്ചു. അവരുടെ സങ്കടം കണ്ടപ്പോള്‍ എനിക്ക് പോലും താങ്ങാന്‍ ആയില്ല, പക്ഷെ വളരെ ലാഘവത്തോടെ അവന്‍ പറഞ്ഞു. പോട്ടെ, ഇനി എന്ത് ചെയ്യാനാ എന്ന്. അവന്‍ ഇന്ന് ഗള്‍ഫില്‍ ജോലി ചെയയ്യുന്നു. ഭാര്യയും ഇവിടെ ഉണ്ട്.  ഞങ്ങള്‍ ഇവിടെ നാലഞ്ചു പ്രാവശ്യം കണ്ടു. ഇടക്കൊകെ അവര്‍ക്കൊപ്പം ഭക്ഷണം. ഇടയ്ക്കു ഞങ്ങളോടൊപ്പം അവര്‍. 

ആറുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു പുതിയ വഴിത്തിരിവ്. പണ്ടത്തെ ആ കുട്ടി ഇവിടെ ഉണ്ടെന്നു എങ്ങനോ അവനു അറിവ് കിട്ടി, ഇപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ എല്ലാവര്‍ക്കും വേണ്ടി തുറന്ന പുസ്തകമായി നിലകൊള്ളുമ്പോള്‍, മറ്റു വഴികള്‍ ഒന്നും ആവശ്യമില്ല എന്നതാണ് സത്യം. അറിഞ്ഞതും അവന്‍ എന്നേ വിളിച്ചു. 

ഞാന്‍ ശാസിച്ചു. കാരണം ഇനി ഒരു ബന്ധം ഉണ്ടായാല്‍ തകരുന്നത് രണ്ടു കുടുംബങ്ങള്‍ ആവും. ഒരു കാരണവും ഇല്ലാതെ എന്തിനാണ് വേണ്ടാത്ത പണികള്‍.....,,,, 
അവന്‍ സമ്മതിക്കുന്നില്ല, അവനെ അവളെ ഒരു പ്രാവശ്യമെങ്കിലും കണ്ടേ പറ്റൂ. എനിക്ക് ആവുന്ന രീതിയില്‍ ഞാന്‍ തടയാന്‍ നോക്കി. പക്ഷെ പറ്റിയില്ല. ഒടുവില്‍ അവന്‍ തന്നെ വഴി കണ്ടു. 

പോയി കാണുക തന്നെ. ആദ്യം ഫോണില്‍ വിളിച്ചു. പിന്നീട് ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സംസാരിച്ചു. ( പാവങ്ങള്‍ ഇതൊന്നും വേറേ ആര്‍ക്കും അറിയില്ലല്ലോ).. പിന്നീട് തമ്മില്‍ കണ്ടു. ഇപ്പോള്‍ അവര്‍ ഫാമിലി ഫ്രെണ്ട്സ് ആണ് എന്നാണ് പറയുന്നത്.  

നല്ലത്, അഭിനന്ദിക്കുന്നു.. പിന്നീട് ചോദിച്ചപ്പോള്‍, അവര്‍ നാലുപേര്‍ക്കും എല്ലാം അറിയാം എന്നായി. അതും നല്ലത്. പക്ഷെ എനിക്ക് മനസ്സില്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. കാരണം മനസ്സിന്റെ കളിയല്ലേ നമുക്ക് എങ്ങനെ വിശ്വസിക്കാനാവും  ??? 
ഇങ്ങനെ കുടുങ്ങി പോയ  ഒരുപാടു പേരെ നമുക്കറിയാം. ചിന്താഭാരം. ... 

എന്താവും അവര്‍ ആദ്യം കണ്ടപ്പോള്‍ സംഭവിച്ചത്??? അവര്‍ തമ്മില്‍ എന്താവും സംസാരിച്ചത്??? കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവര്‍, പത്തു പന്ത്രണ്ടു വര്‍ഷം ഒന്നിച്ചു. എല്ലാത്തിലും എവിടെയും ഒന്നിച്ചു. പെട്ടെന്നൊരുനാള്‍ ഒരാള്‍ ദൂരെ യാത്രയായി. പിന്നീട് അവര്‍ തമ്മില്‍ കണ്ടിട്ടുണ്ടോ എന്നുപോലും സംശയമാണ്.  വല്ലാത്ത മാനസീക അവസ്ഥയില്‍ ആയിരുന്നിരിക്കും അവര്‍...,,... എന്തായാലും എല്ലാം നന്നായി അവസാനിച്ചല്ലോ. അങ്ങനെ ഒരു സമാധാനം മനസ്സില്‍..,, 

ആറേഴു മാസങ്ങള്‍ക്ക് മുന്‍പ് വീണ്ടും ഒരു കാഴ്ച  കണ്ടു. കണ്ടെന്നു പറഞ്ഞാല്‍ ഒരു ആഴ്ച വട്ടത്തിന്റെ അവസാന കാലം, വെറുതേ നടക്കാന്‍ ഇറങ്ങിയപ്പോള്‍ കമിതാകളെ പോലെ രണ്ടുപേര്‍ ഒരു ബെഞ്ചില്‍ ഇരിക്കുന്നു. ഞാന്‍ മനസ്സില്‍ ചിരിച്ചു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു എങ്കിലും ആ പഴയ നിരീക്ഷണം ഒന്ന് പൊടി തട്ടി എടുത്താലോ എന്ന് ആലോചിച്ചു മനസ്സില്‍. ,, ഉള്ളില്‍ ചിരി വന്നു എങ്കിലും ആ ചിരി പെട്ടെന്ന് ഒരു ഞെട്ടല്‍ ആയി മാറി. ഞാന്‍ കണ്ട കക്ഷികള്‍ എന്‍റെ പഴയ നിരീക്ഷണ വസ്തുക്കള്‍ തന്നെ. 

രണ്ടാളും ബെഞ്ചില്‍ ഇരിക്കുന്നു. ഒന്നും സംസാരിക്കുന്നുമില്ല. കണ്ണുകള്‍ കഥ പറയുന്നു. കാറ്റിന്‍റെ ഗന്ധം.. ആശയ വിനിമയം എങ്ങനെ എന്നൊന്നും  അറിയില്ല പക്ഷെ അവന്‍ എന്തൊക്കെയോ മൌനമായി പറയുന്നു അവള്‍ മനസിലാക്കുന്നു. 
പണ്ടു മുന്സിപല്‍ പാര്‍ക്കിലെ ബെഞ്ചില്‍ ഇരുന്ന അതേ സ്റ്റൈല്‍ അതേ പോസ് എല്ലാം. പ്രേമം ഇത്രയ്ക്കു അന്ധമാണോ? പലപ്പോഴും പലരും പറയുമ്പോള്‍ ആലോചിക്കാറുണ്ട് എങ്കിലും ഇപ്പോള്‍ അത് അഗാധമായ ആലോചനയായി. 

ഇല്ല ഇത് സമ്മതിച്ചു കൂടാ, എന്‍റെ മനസ്സ് പറഞ്ഞു. ഞാന്‍ അവനെ മൊബൈലില്‍ വിളിച്ചു. ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ചു. വളരെ ലാഘവത്തോടെ അവന്‍ പറഞ്ഞു
""ഞാന്‍ ഇപ്പോള്‍ മീറ്റിംഗില്‍ ആണ് ചേട്ടാ പിന്നെ വിളിക്കാമെന്ന്.......!!!!
നേരെ അവരുടെ മുന്നില്‍ പ്രത്യക്ഷനയാലോ എന്ന് വിചാരിച്ചതാണ്. പക്ഷെ മനസ്സ് സമ്മതിച്ചില്ല. 

ഏതാണ്ട് അര മണിക്കൂര്‍ കൂടി ഞാന്‍ നിരീക്ഷകന്‍ ആയി, രണ്ടാളും എഴുന്നേറ്റു. രണ്ടു വഴിക്ക് പിരിഞ്ഞു. അവള്‍ പോയതും ഞാന്‍ അവനെ പിന്തുടര്‍ന്ന് പുറകില്‍ എത്തി. എന്നേ കണ്ടതും കള്ളി വെളിച്ചത്തായ കൊച്ചു കുട്ടിയെ പോലെ തലതാഴ്ത്തി നിന്ന് അവന്‍....,,,.... ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല,, അവനു പറയാന്‍ ഒരുപാടോരുപാടുണ്ട് എനിക്കറിയാം പക്ഷെ പറഞ്ഞില്ല. 

കുറച്ചു നെരേം കൂടി ഞങ്ങള്‍ ആ ബെഞ്ചില്‍ ഇരുന്നു. അവന്‍റെ മൌനം അതിലൂടെ ഞാന്‍ വായിച്ചറിഞ്ഞു. മനസ്സിന്റെ കളികള്‍ പലവിധമാണ്. അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍.,....!!! എന്താവും അവരുടെ ഇപ്പോഴത്തെ നിലപാട് ??? അറിയില്ല.. ഒരു പക്ഷെ അരുതാത്തത് സംഭവിക്കുമോ??? രണ്ടു കുടുംബങ്ങള്‍ ആണ് നിലം പൊത്താന്‍പോകുന്നത്. 

പിന്നീട് അവന്‍ എന്നേ വിളിച്ചിട്ടില്ല. ഞാനും. ഒരു പക്ഷെ എന്നേ അഭിമുകീകരിക്കുവനുള്ള ബുദ്ധിമുട്ടാവും അവന്. എന്തെങ്കിലും ആകട്ടെ എന്ന് കരുതാനും വയ്യാ..... !!! ശ്രീ ബെന്യാമിന്‍ എഴുതിയ "" ആട് ജീവിതം"" എന്ന നോവല്‍ സ്മരിക്കുന്നു. ""
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കേട്ടുകഥകള്‍ മാത്രമാണ് ""  എത്ര സത്യമായ വരികള്‍......,,........!!!!


എന്‍റെ നിരീക്ഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. പിന്നീട് ഈ വിനോദം ഞാന്‍ മനപൂര്‍വം നിര്‍ത്തി. അതാണ് ശരി എന്ന് മനസ്സ് പറഞ്ഞു. മനസ്സിന്റെ കളികള്‍ മനുഷ്യന് മനസ്സിലാക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ് എന്നതാണ് സത്യം. അനുരാഗം, പ്രേമം, കാമം ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ് എന്നതാണ് കാര്യം. ഇവരുടെ കാര്യത്തില്‍ എന്താണ് സത്യമായ വസ്തുത എന്നറിയില്ല, അറിയുവാന്‍ ശ്രമിച്ചതും ഇല്ല. 
ഒരു പക്ഷെ ഒന്നും ഇല്ലായിരിക്കാം,,,, അങ്ങനെ ആവട്ടെ, നല്ലത് വരും.. 

വാല്‍ കഷ്ണം : നിരീക്ഷണം നല്ലതാണ് സ്വന്തം ജീവിതത്തില്‍.....,..............!
 മറ്റുള്ളവരെ നിരീക്ഷിക്കുമ്പോള്‍ സൂക്ഷിക്കണം. ഒരു രീതിയില്‍ അതും നല്ലതാണ്. നാം അനുഭവിക്കാതെ ജീവിതം നമുക്ക് മുന്നില്‍ പച്ചയായി കണ്ടു.. മനസ്സിലാക്കി. ഒരു പക്ഷെ കാര്യങ്ങള്‍ എന്താവുമോ??? ഈശ്വരന്‍ സാക്ഷി.. .. ചിന്താഭാരം... !! 

Saturday, February 4, 2012

പ്രയാണം..നല്ല ഓര്‍മ്മകള്‍ എന്നും നമുക്ക് മുതല്‍ക്കൂട്ടാണ് ജീവിതത്തില്‍..  ചിലതൊക്കെ നമ്മള്‍ മനപ്പൂര്‍വ്വം മറക്കുവാന്‍ ശ്രമിക്കും, മറ്റുചിലത് താനേ മറന്നു പോകും.. യഥാര്‍ഥ ജീവിതം അതാണ്‌. കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകള്‍ എന്നും നല്ലതായി തന്നെ നമ്മുടെ മനസ്സില്‍ ഉണ്ടാവും. ചിലതൊക്കെ മങ്ങിയത്, മറ്റു ചിലത് ഏറെ കുറേ മങ്ങിയത്, വീണ്ടും ചിലത് മൊത്തത്തില്‍ മങ്ങി ഒരു മിന്നായം പോലത്തെ ഓര്‍മ്മകള്‍... 

പഴയ കാര്യങ്ങള്‍ ഓര്‍ത്തു വൈക്കുന്നത് ഒരു ശീലമാണ് എനിക്ക് പണ്ടു മുതലേ എന്ന് പറയുന്നതില്‍ തെറ്റില്ല.. അതിനടിസ്ഥാനമായ കുറേ കാര്യങ്ങള്‍ കൂട്ടി  വിക്കുന്ന സ്വഭാവം എങ്ങനയോ വന്നു പെട്ടു  ഈ ഉള്ളവനില്‍. 

ഇപ്പോഴും പണ്ടു പോയ ട്രെയിന്‍ യാത്രകളുടെ ടിക്കെറ്റുകള്‍, ബസ്‌ ടിക്കെറ്റുകള്‍, അതുപോലെ തന്നെ ദൂരെ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ആകസ്മികംയും അല്ലാതെയും എടുത്ത ഫോട്ടോകള്‍ എല്ലാം സുരകഷിതം... എന്താണന്നറിയില്ല ഓരോ യാത്രക്കും ഉണ്ടാവും ഓരോ അനുഭവങ്ങള്‍ പറയാന്‍, ഒരുപക്ഷെ അതാവും ഈ ഉപയോഗശൂന്യമായ സാധനങ്ങള്‍ കൈയില്‍ കൊണ്ടു നടക്കുക്കുന്നതും. 

പണ്ടു മദ്രാസ്സില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഈ കളക്ഷന്‍ ഊര്‍ജിതമായി തുടങ്ങിയത് . അതിനു മുന്‍പും ഉണ്ടായിരുന്നു എങ്കിലും അത്രയ്ക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല അതില്‍. ആദ്യമായി ജോലി അന്വേഷിച്ച് പോയതും, അവിടെ താമസിച്ചു കറങ്ങി നടന്നതും എല്ലാം ആ ടിക്കറ്റ്‌ കാണുമ്പോള്‍ മനസ്സില്‍ മിന്നി മറയും. 

കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍, എല്ലാവരോടും ഇന്നും ബന്ധം പുലര്‍ത്തുന്നു. ഞാന്‍ ഓര്‍ക്കുന്നു.. ഏതോ ഒരു ജൂലൈ മാസത്തില്‍ ആണ് ഞങ്ങള്‍ വണ്ടി കേറുന്നത്, മുന്‍പ് ആ ദേശത്ത് പോയിട്ടുണ്ടെങ്കിലും ഒരു ചെറിയ ഭയം,,, എന്താവും ഏതാവും ഒന്നും അറിയില്ല. കൂടെയുണ്ടായിരുന്ന "നല്ലവന്‍" ( പേര് പറയുന്നില്ല) അവനായിരുന്നു എന്‍റെ പ്രജോദനം ഈ പ്രയാണത്തിന്റെ ആദ്യം മുതല്‍. 

ദൈവാനുഗ്രഹം ഞങ്ങള്‍ രണ്ടാള്‍ക്കും ഒരുപോലെ ഒരേ കമ്പനിയില്‍ ജോലി കിട്ടി. പക്ഷെ വേറേ വേറേ സെക്ഷനുകളില്‍ ആണെന്ന് മാത്രം. ആദ്യത്തെ ഒരാഴ്ച ഒന്നിച്ച്‌. പിന്നീട് ഞങ്ങള്‍ പിരിയുവാന്‍ നിര്‍ബന്ധിതരായി... എനിക്ക് 60 KM ദൂരെയുള്ള ഒരു പ്ലാന്റില്‍ ആണ് ജോലി. അവനു സിറ്റിയില്‍ തന്നെ. ആദ്യ കാലങ്ങളില്‍ ഞാന്‍ അവരുടെ ഒപ്പം താമസിച്ചു.. എന്നും രാവിലെ അഞ്ചു മണിക്ക് വിട്ടാല്‍ മടങ്ങി വരുന്നത് എട്ടുമണിക്ക്. ഒന്നിനും സമയം തികയുന്നില്ല എങ്കിലും മറ്റു നിവൃത്തി ഇല്ലായിരുന്നു അപ്പോള്‍. 

ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ പ്രീയ സുഹൃത്ത്‌ നാട്ടിലേക്ക് വിടവാങ്ങി. അവന്‍റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ചെന്നൈ.. അവന്‍ എന്താണ് പ്രതീക്ഷിച്ചതെന്നു ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല എനിക്ക്. പോകട്ടെ അവന്‍റെ വിചാരം വിടാം. 

ഈ ഉള്ളവന്‍ വീണ്ടും ഒറ്റക്കായി. ഞാന്‍ കമ്പനിയുടെ അടുത്തുള്ള ഗസ്റ്റ്‌ ഹൌസിലേക്ക് താമസം മാറി. ഒരു അര്‍ഥത്തില്‍ മാറി എന്നല്ല മാറ്റി എന്ന് പറയുന്നതാവും ശരി. ഗസ്റ്റ്‌ ഹൌസ് എന്ന് പറഞ്ഞപ്പോള്‍ ആദ്യം എന്റെയും മനസ്സില്‍ ഒരു നല്ല കെട്ടിടവും അതിന്‍റെ ചുറ്റുവട്ടങ്ങളും ഒക്കെ ആയിരുന്നു മനസ്സില്‍.. 

അവിടെ പൊയ് കണ്ടപ്പോള്‍ പണ്ടു കണ്ട ആ മലയാളം സിനിമ ഓര്‍മ്മ വന്നു "" ഭാര്‍ഗവീ നിലയം"" 

ഒരു വലിയ വീട്. രണ്ടു നില. താഴത്തെ നില ഒരു സ്റ്റോര്‍ പോലെ ഉപയോകിക്കുന്നു. മുകളില്‍ ൪ മുറികള്‍, ചുറ്റു വരാന്ത, അടുക്കള എല്ലാം ഉണ്ട്.. ഒരേ ഒരു കുഴപ്പം അകെ ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേ ഉള്ളൂ അവിടെ. ഞാനും എന്നേ പോലെ മറ്റൊരു എഞ്ചിനീയര്‍.   അതിലും വലിയ കോമഡി എന്നത് ഞങ്ങളുടെ ഷിഫിറ്റ് ന്‍റെ കാര്യത്തില്‍ ആയിരുന്നു. അവന്‍ പകല്‍ ഉള്ളപ്പോള്‍ ഞാന്‍ രാത്രി. അവന്‍ രാത്രി ഉള്ളപ്പോള്‍ ഞാന്‍ പകല്‍. തമ്മില്‍ തമ്മില്‍ കാണുന്നത് ഓരോ ദിവസത്തെ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍. അതും താക്കോല്‍ കൊടുക്കാന്‍ വേണ്ടി  മാത്രം... 

എന്തോരവസ്ഥ. എങ്ങനെ അവിടെ കഴിച്ചു കൂട്ടി എന്ന് ഒരു ഇതും പിടിയും കിട്ടുന്നില്ല ഇപ്പോഴും.. രാത്രി ജോലി സുഖമാണ്. കാരണം ഡ്യൂട്ടി കഴിഞ്ഞു രാവിലെ വന്നു കുളി ഒക്കെ കഴിഞ്ഞു ഉറങ്ങാന്‍ കിടന്നാല്‍ മറ്റു ശല്യമോന്നുമില്ല . പകല്‍ നേരമായതുകൊണ്ട് മറ്റൊന്നും പേടിക്കണ്ട.. നേരെ മറിച്ചു രാത്രി ഒറ്റയ്ക്ക് കഴിയുന്നത്‌ അസഹനീയം തന്നെ ആയിരുന്നു ഞങ്ങള്‍ രണ്ടാള്‍ക്കും. കാരണം ഒരു വലിയ കാട്ടുപ്രദേശം.. ചുറ്റുപാടും മാവ്, തെങ്ങ് തോട്ടം. അവിടെ ആരുമില്ല. രാത്രി വല്ലതും കണ്ടു പേടിച്ചു വടിയയാല്‍ പോലും ആരും അറിയില്ല. അല്ലങ്കില്‍ ആരെങ്കിലും തല്ലി കൊന്നാല്‍ പോലും ആരും അറിയില്ല.. 

ആ ദേശം ഇപ്പോഴും ഓര്‍ക്കുന്നു മനസ്സില്‍. മദ്രാസ്സില്‍ നിന്ന് അറുപതു കിലോമീറ്റര്‍ ദൂരെ, "കാവരപേട്ട".. ആന്ധ്ര പ്രദേശിന്റെ സമീപ സ്ഥലം.. നക്സലുകള്‍ വരെ അവിടെ ഉണ്ട് എന്നാണ് പൊതുവേ സംസാരം .. സങ്കര ഭാഷ ( പക്ഷെ ഞാന്‍ ആരെയും ഇതുവരെ കണ്ടിട്ടില്ല ) . ഒരു വലിയ ഹൈവേ .. കല്‍ക്കട്ടാ ഹൈവേ യില്‍ ഒരു ഫ്ലൈ ഓവര്‍ റോഡ്‌. അതിന്‍റെ താഴെയുള്ള ഒരു കൊച്ചു ഗ്രാമം. അകെ മൊത്തത്തില്‍ എട്ടു  കടകള്‍.. മെഡിക്കല്‍ ഷോപ്പ്, ചായക്കട ഒഴിച്ചാല്‍ പിന്നെ പ്രധാനം വൈന്‍ ഷോപ്പ്. അതാണ്‌ ആ സ്ഥലം. 

എല്ലാ ശനിയാഴ്ചയും ഞാന്‍ മദ്രാസ് ഇല്‍ എന്‍റെ പഴയ സുഹൃത്തുക്കളോടൊപ്പം കൂടും. അന്ന് അവിടെ സ്റ്റേ. എന്നിട് തിങ്കള്‍ രാവിലെ വണ്ടി കേറും. അതാണ് ഷെഡ്യൂള്‍ .. എല്ലാ ആഴ്ചയും അവരെന്നെ നോക്കി ഇരിക്കും, ആ എട്ടു പേരില്‍ രണ്ടു പെരോഴിച്ചു ബാക്കി എല്ലാവരെയും അവിടെ എത്തി പരിച്ചയപെട്ടതാണ്.. എങ്ങനെ എന്നറിയില്ല ഞങ്ങളുടെ വീക്ക്‌ഏന്‍ഡ് കണ്ണടച്ച് തുറക്കും മുന്‍പ് ഓടി തീരും.. 

അതുപോലെ ഒരു ശനിയാഴ്ച വന്നു. ഞാന്‍ പൂര്‍വ സ്ഥാനത്ത്‌ എത്തി. പിറ്റേന്ന് ഞായര്‍. രാത്രി ആയപ്പോള്‍ എന്തോ ഒരു ഉള്‍വിളി പോലെ ഞാന്‍ തിരകെ പോവാന്‍ ഭാവിച്ചു. എല്ലാവരും വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാന്‍ കാരണം കണ്ടെത്തി മുങ്ങി. ചെന്നൈ സെന്‍ട്രല്‍ നിന്നും രാത്രി ലാസ്റ്റ് ട്രെയിന്‍ പതിനോന്നരക്കാണ് ഈ സ്ഥലത്തേക്ക് . അത് കഴിഞ്ഞാല്‍ ലോക്കല്‍ ട്രെയിന്‍ ഇല്ല, പിന്നെ ലോറി പിടിക്കണം.. ഞാന്‍ സമയത്ത് എത്തി വണ്ടി പിടിച്ചു. ഒന്ന് മയങ്ങാന്‍ സമയം ധാരാളം, കാരണം കുറഞ്ഞത്‌ ഒന്നര മണിക്കൂര്‍ എടുക്കും. പത്രം വൈച്ചും മയങ്ങിയും  എങ്ങനെയോ അവിടെ എത്തി.

ആ സ്റ്റേഷനില്‍ ഇറങ്ങാന്‍ മൊത്തത്തില്‍ മൂന്നു പേര്‍. ഒരു പോലീസുകാരന്‍, ഡ്യൂട്ടി തീര്‍ന്നു പോകുന്ന റെയില്‍ ഉദ്യോഗസ്ഥന്‍ പിന്നെ ഈ ഞാന്‍. 

ആരും ഇല്ല എങ്കിലും സ്റ്റേഷന്‍ വലുതാണ്, കാരണം അതുവഴി ലോക്കല്‍ ട്രെയിനുകളും എക്സ്പ്രസ്സ്‌, ഗുഡ്സ് എല്ലാം കടന്നു പോകും . ഞാന്‍ ഇറങ്ങി നടന്നു. പുറത്തേക്കുള്ള വഴിയില്‍ വലിയ വെട്ടം ഒന്നുമില്ല, അവിടെയും ഇവിടെയും ഓരോ നിയോണ്‍ ലാമ്പുകള്‍. പുറത്തിറങ്ങിയപ്പോള്‍ വഴിയില്‍ എന്തോ ഒന്ന് അനങ്ങുന്ന പോലെ. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു പെണ്ണ് കുട്ടി. എന്നുവച്ചാല്‍ കുട്ടിയല്ല, ഒരു പെണ്ണ്. 
എന്നേ സൂക്ഷിച്ചു നോക്കുന്നു അവള്‍. ഞാന്‍ മിണ്ടാന്‍ കൂട്ടാക്കാതെ മുന്പോട്ടുപോവാന്‍ ഭാവിച്ചു. 

" Naa bag poyindhi "  

ഞാന്‍  തിരിഞ്ഞു നോക്കി. എന്റെ ബാഗ്‌ പൊയ് എന്ന്.. അവിടെയും ഇവിടെയും തൊടാതെ കുറച്ചു തെലുങ്ക് എനിക്ക് മനസിലാക്കാന്‍ പറ്റി. കണ്ടിട്ട് നല്ല വീട്ടിലെ കുട്ടി ആണെന്ന് തോന്നി. ഞാന്‍ കാര്യം ചോദിച്ചു, എങ്ങനെ അവിടെ എത്തി എന്ന് ചോദിച്ചു. അവള്‍ ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു ( ഭാഗ്യം) . 
കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ദൂരെ ആന്ധ്ര പ്രദേശില്‍ ആണ് അവളുടെ വീട്. അവിടെ ഉള്ള ഒരു തമിഴന്‍ കടക്കാരനുമായി പ്രണയം. വീട് വിട്ടു ഓടി വന്നു. ഇന്നലെ രാത്രി ഇറങ്ങിയതാണ്. മദ്രാസ്സില്‍ വന്നു ജോലി ചെയ്തു ജീവിക്കാന്‍ അവനെ വിശ്വസിച്ചു ഇറങ്ങി തരിച്ചു. 

കൈയില്‍ ഉണ്ടായിരുന്ന കാശു മുഴുവന്‍ അപ്പോള്‍ തന്നെ അവന്‍ വാങ്ങി. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കാന്‍ എന്നാ വ്യാജേന..  സ്വര്‍ണ്ണവും. എന്നിട് മദ്രാസ് ഏതാണ ഒന്നര മണിക്കൂര്‍ മാത്രം ബാക്കി ഉള്ളപ്പോള്‍ ഓടുന്ന ട്രെയിന്‍ ഇല്‍ നിന്ന് തള്ളി ഇട്ടു. ഇതാണ് സംഭവം. 

അവള്‍ എന്നോട് ഈ രാത്രി ഞാന്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചു. അകെ പുലി വാല്‍ പിടിച്ച അവസ്തയരുന്നു എന്റേത്. കാരണം ഞാന്‍ എന്ത് ചെയയ്യും. അവിടെ അതിനെ വിട്ടിട്ടു പോകാന്‍ മനസാക്ഷി സമ്മതിക്കുന്നില്ല, മറിച്ചു വീട്ടില്‍ കൊണ്ടു പോയാല്‍ അത് അതിലും ആപത്ത്. എന്‍റെ ഫോണ്‍ വാങ്ങി അവള്‍ വീട്ടില്‍ സംസാരിച്ചു. അറ്റവും മൂലയുമൊക്കെ മനസ്സിലായി. ഞാന്‍ അവളെ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത് കൊണ്ടു ആക്കി. കാര്യങ്ങള്‍ പറഞ്ഞു. ഇനി നെല്ലൂര്‍ പോവാന്‍ അടുത്ത വണ്ടി നാളെ രാവിലെ നാലരക്ക്. അതുവരെ എന്ത് ചെയ്യും. 

അവളെ അവിടെ ഇരുത്തി ഞാന്‍ റൂമിലേക്ക്‌ മടങ്ങി. എന്നിട്ടും മനസ്സ് സമ്മതിച്ചില്ല. ചിന്താക്കുഴപ്പം... !!


ഞാന്‍ ധൃതിയില്‍ തിരികെ നടന്നു. സ്റ്റേഷന്‍ മസ്ടരുടെ റൂമില്‍ അവള്‍ ഇരിപ്പുണ്ട്. എന്നേ കണ്ടപ്പോള്‍ അവന്‍ ഇറങ്ങി വന്നു. അവളുടെ കൈയില്‍ കാശോന്നുമില്ല എന്നത് ഞാന്‍ ഓര്‍ത്തില്ല, അവള്‍ ചോദിച്ചതും ഇല്ല. ഞാന്‍ കുറച്ചു രൂപ കൊടുത്തു, അവിടെ ചാര്‍ജ് ഉണ്ടായിരുന്ന ഒരു പോലീസുകാരനെ കണ്ടു കാര്യം പറഞ്ഞു. ആ നല്ല മനുഷ്യന്‍ സഹായിക്കാമെന്ന് ഏറ്റു.

രാവിലെ വരെ ഞാനും അവിടെ ഇരുന്നു. വണ്ടി വരന്‍ സമയം ആയി. ഞാന്‍ അവളോട്‌ സൂക്ഷിച്ചു പോകണമെന്ന് പറഞ്ഞു.  അവള്‍ തലകുലുക്കി. വീട്ടില്‍ പൊയട്ടു രൂപ അയച്ചുതരാമെന്ന് പറഞ്ഞു. ഞാന്‍ ചിരിച്ചു.  പോകുമ്പോള്‍ ദൈവമാണ് നിങ്ങളെ ഇവിടെ എത്തിച്ചത് എന്ന് പറഞ്ഞു കരഞ്ഞു. ആ കഴിഞ്ഞ ൪ മണിക്കൂര്‍ കൊണ്ടു അവളെന്‍റെ കുഞ്ഞു പെങ്ങളെ പോലെ ആയപോലെ. അല്ലങ്കില്‍ അങ്ങനെ ആയി എന്നതാണ് സത്യം. 

ട്രെയിന്‍ വന്നു. അവള്‍ പോയി. സമാധാനം. സസ്ഥം

നേരം വെളുത്തു. വീണ്ടും പഴയ പടി ഓഫീസില്‍.. ജോലിത്തിരക്ക്, പ്രശ്നങ്ങള്‍ ... സ്ഥിരം കാര്യങ്ങള്‍. 

പിറ്റേന്ന് എനിക്ക് അവളുടെ ഒരു ഫോണ്‍ കാള്‍ കിട്ടി. അവിടെ എത്തി എന്ന്... ഒരായിരം നന്ദി പറച്ചിലും.  പിന്നീട്  ആണ് എനിക്ക് പറ്റിയ അബദ്ധം ഞാന്‍ ഓര്‍ത്തത്‌. കാരണം ആ പെണ്ണ് എന്‍റെ മൊബൈല്‍ ഇല്‍ നിന്ന് ആരേയോ വിളിച്ചിട്ടുണ്ട്. നാളെ അതിനു വല്ലതും പറ്റിയാല്‍ ഞാന്‍ കുടുങ്ങിയത് തന്നെ.  ഏതായാലും എല്ലാം തീര്‍ന്നു. 


പിന്നീട് ഒരാഴ്ച കഴിഞ്ഞു ആ കുടുംബം എന്നേ കാണാന്‍ വന്നിരുന്നു. ഒരുപാട് നന്ദി പ്രകടനങ്ങളോടെ. ആ അച്ഛനെ കണ്ടാല്‍ തന്നെ അറിയാം അയല്‍ അവിടുത്തെ ആസ്ഥാന ഗുണ്ട ആണെന്ന്. ( രക്ഷ പെട്ടത് പുണ്യം) 

ഇപ്പോഴും ആ സഹോദരി എന്നോട് സമ്പര്‍ക്കം ഉണ്ട്. ഭാഷ അറിയാത്ത വെറും  നാല് മണിക്കൂര്‍ മാത്രം പരിചയമുള്ള സഹോദരി. 

വര്‍ഷങ്ങള്‍ കഴിഞ്ഞു.. ആ ദേശത്ത് ഒന്നുകൂടി പോയാല്‍ കൊള്ളാമെന്നു ഉണ്ട്. ഒരുപക്ഷെ വികസനം ഒരുപാട് സംഭവിച്ചിരിക്കാം എന്നാലും ഞാന്‍ താമസിച്ചിരുന്ന പ്രേതാലയം അവിടെ കാണും ഉറപ്പ്. കാരണം ഇപ്പോഴും ട്രെയിനീ എഞ്ചിനീയര്‍ എന്ന തസ്തിക ആ കമ്പനിയില്‍ നിന്ന് മാറ്റാന്‍ വഴിയില്ല. എങ്കിലല്ലേ ശമ്പളം കുറച്ചു പണി ചെയ്യിപ്പിക്കാന്‍ പറ്റൂ.